അവകാശവാദങ്ങൾക്കു പകരം അണയാത്ത ജാഗ്രതയോടെ ആർ. എസ്. എസ്
രാജ്യത്തിന്റെ ജനാധിപത്യ ചരിത്രത്തിലെ കറുത്ത ഏടായി കണക്കാക്കപ്പെടുന്ന അടിയന്തരാ- വസ്ഥക്കാലത്തിന്റെ ഭീതിദ ഓര്മ്മകള്ക്ക് 40 വയസ്സാവുകയാണ്. ജനാധിപത്യ സംരക്ഷണത്തിനായി നടന്ന ഐതിഹാസികമായ പോരാട്ടത്തിനും വയസ്സ് നാൽപ്പതായിരുന്നു. സ്വതന്ത്ര ഭാരതം കണ്ട ഏറ്റവും ഭയാനകമായ ഭരണകൂട ഭീകരതക്കെതിരെ സമാനതകളില്ലാത്ത പോരാട്ടമാണ് ഭാരത ജനത നടത്തിയത്. അതിന് ദേശവ്യാപകമായി നേതൃത്വം നൽകിയതാവട്ടെ ആർ.എസ്.എസും.
അടിയന്തരാവസ്ഥക്കാലത്തു നടന്ന ചെറിയ സമരങ്ങളുടെ പേരിൽപ്പോലും വലിയ അവകാശവാദങ്ങളുമായി ഒട്ടേറെപ്പേർ രംഗത്തുവരുമ്പോഴും ആർ എസ്എസ് പ്രവര്ത്തകർ നിശബ്ദമായി പ്രവർത്തനം തുടരുന്നു. താമ്രപത്രങ്ങള്ക്കായി കാത്തുനിൽക്കാതെ, അവകാശവാദങ്ങളില്ലാതെ നാൽപ്പതാം വർഷത്തിൽ ആ കറുത്തദിനങ്ങളെക്കുറിച്ച് ഓർമ്മപ്പെടുത്താന് വിവിധ കേന്ദ്രങ്ങളിൽ സെമിനാറുകളും പൊതുപരിപാടികളും നടക്കും. 1975 ലെ ജൂണ് 25 നാണ് ഇന്ദിരാഗാന്ധി രാജ്യത്ത് ആഭ്യന്തര അടിയന്തരാവസ്ഥ പ്രഖ്യാപിച്ചത്. ഇന്ത്യന് ഭരണഘടനയുടെ ആത്മാവ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന പൗരന്മാരുടെ മൗലികാവകാശങ്ങള് റദ്ദാക്കിയാണ് അടിയന്തരാവസ്ഥ നിലവിൽ വന്നത്.
ജനാധിപത്യത്തിന്റെ കാവൽക്കാരായ പത്രമാധ്യമ പ്രവർത്തകരെ നിശബ്ദരാക്കുകയാണ് ഇന്ദിര ആദ്യം ചെയ്തത്. ഭരണഘടനയുടെ 352-ാം വകുപ്പ് ചൂണ്ടിക്കാട്ടി ഇല്ലാത്ത അധികാരങ്ങള് അവർ സ്വയം ഏറ്റെടുത്തു. നിരവധി കോണ്ഗ്രസിതര സംസ്ഥാന സർക്കാരുകളെ പിരിച്ചുവിട്ടു. രാജ്യത്താകമാനം പ്രതിപക്ഷ രാഷ്ട്രീയ നേതാക്കള് തടവറക്കുളളിലായി. കമ്യൂണിസ്റ്റ് രാഷ്ട്രങ്ങളിലേതുപോലെ ഭാരതം ഏകകക്ഷി ഭരണത്തിലേക്കും സ്വേഛാധിപത്യത്തിലേക്കും വീണുപോയേക്കുമെന്ന് തോന്നിച്ച നാളുകള്. രാജ്യത്തെ ബഹുഭൂരിപക്ഷം കോടതികളും ഏകാധിപതിയായ ഭരണാധികാരിയുടെ സ്തുതിപാഠകരായി മാറി. പോലീസുകാരും ക്രമസമാധാന പാലനത്തിനായി നിയോഗിക്കപ്പെട്ട സായുധ വിഭാഗവും തെരുവുഗുണ്ടകളെപ്പോലെ നായാട്ട് തുടങ്ങിയിരുന്നു. പക്ഷേ കാലം കാത്തുവച്ചത് മറ്റൊരു ചരിത്രമായിരുന്നു. ആ ചരിത്ര നിയോഗം ഏറ്റെടുത്ത് ഐതിഹാസികമായ പോരാട്ടത്തിലൂടെ സ്വേഛാധിപത്യത്തെ ഭാരതജനത അടിയറവ് പറയിപ്പിച്ചു. രണ്ടാം സ്വാതന്ത്ര്യ സമരത്തിന് തുല്യമായ ഈ പോരാട്ടം ദേശവ്യാപകമായി നയിച്ചത് രാഷ്ട്രീയ സ്വയം സേവക സംഘം എന്ന പ്രസ്ഥാനമായിരുന്നു. അടിയന്തരാവസ്ഥാവിരുദ്ധ സമരം ഇന്നും ആ കാലഘട്ടത്തിലെ ആർ എസ്എസ് പ്രവർത്തകർക്ക് ജ്വലിക്കുന്ന ഓർമ്മകളാണ്. കേരളത്തിൽ മാത്രം നാലായിരത്തിലേറെ സ്വയംസേവകർ അടിയന്തരാ വസ്ഥക്കെതിരെ സത്യഗ്രഹം അനുഷ്ഠിച്ച് കാരാഗൃഹത്തിലായി. പോലീസുകാരുടേയും ചിലയിടങ്ങളില് ഗുണ്ടകളുടേയും ക്രൂരമര്ദ്ദനങ്ങള് ഏറ്റുവാങ്ങി.
പരമ്പരാഗത വിപ്ലവപ്രസ്ഥാനങ്ങളും വിപ്ലവവായാടിത്തം തൊഴിലാക്കിയവരും ഏകാധിപതിക്ക് ജയ് വിളിച്ചപ്പോഴാണ് കേരളത്തിൽ നിന്ന് ഈ ഭരണകൂടഭീകരതക്കെതിരെ ഒറ്റയ്ക്ക് പോരാടിയത്. അച്യുത മേനോന് സര്ക്കാരും ആഭ്യന്തരമന്ത്രിയായിരുന്ന കെ.കരുണാകരനും കണക്കുകൂട്ടിയതിനേക്കാള് എത്രയോ ശക്തമായിരുന്നു ആർ എസ്എസിന്റെ ഈ സംഘടനാശേഷിയും സമരശേഷിയും.
സത്യഗ്രഹികളായ ആർ എസ്എസ് പ്രവര്ത്തകരെക്കൊണ്ട് ജയിലുകളും ലോക്കപ്പുകളും താൽകാലിക കാരാഗൃഹങ്ങളും നിറഞ്ഞതോടെ പോലീസ് രീതി മാറ്റി. സത്യഗ്രഹികളെ അറസ്റ്റ് ചെയ്ത് തുറങ്കിലടക്കുന്നതിനു പകരം പിടികൂടി ക്രൂരമായി തല്ലിച്ചതച്ചശേഷം വിട്ടയക്കാന് തുടങ്ങി. പക്ഷേ ക്രൂരമായ മര്ദ്ദനമേറ്റുവാങ്ങിയവർ പിറ്റേന്നും വര്ദ്ധിതവീര്യത്തോടെ സമരമുഖത്തെത്തി. സ്വാതന്ത്ര്യ സമരകാലഘട്ടത്തിൽ പോലും സത്യഗ്രഹികളായ സമരഭടന്മാർക്കുനേരെ ഇത്രയും ക്രൂരമായ മർദ്ദനമുറകള് പോലീസ് പ്രയോഗിച്ചിട്ടുണ്ടാവില്ല.
അന്നത്തെ പോലീസ് നരനായാട്ടിന്റെ ബാക്കിപത്രമെന്നോണം നൂറുകണക്കിന് പ്രവര്ത്തകർ ജീവഛവമായി. പലരും അകാലത്തിൽ പൊലിഞ്ഞു. ചിലർ എഴുന്നേറ്റ് നടക്കാന് പോലുമാകാത്തവിധം കിടപ്പിലായി. മാരക രോഗങ്ങള്ക്കടിമകളായി. അകാലവൃദ്ധരായി. പക്ഷേ ഈ ജീവത്യാഗങ്ങളൊന്നും വെറുതെയായില്ല. നരകതുല്യമായ പീഡനങ്ങളേറ്റു വാങ്ങിയപ്പോഴും ജീവിതത്തിൽ ഉടനീളം അതിന്റെ കൊടിയവേദനകളുമായി മല്ലിടുമ്പോഴും ഈ ധീരന്മാരുടെ ചുണ്ടിൽ പുഞ്ചിരി മാത്രമായിരുന്നു.
അടിയന്തരാവസ്ഥ അവസാനിച്ചശേഷം ഈ നരനായാട്ടിന്റെ പേരില് ഒരൊറ്റ പോലീസുകാരനും വേട്ടയാടപ്പെട്ടില്ല. ഒരൊറ്റ കോണ്ഗ്രസുകാരനും നേരെ ആരും കയ്യോങ്ങിയില്ല. എല്ലാം സഹിക്കാനും ക്ഷമിക്കാനുമായിരുന്നു അന്നത്തെ സർ സംഘചാലക് ബാലാ സാഹേബ് ദേവറസിന്റെ ആഹ്വാനം.
അതെ, സമാനതകളില്ലാത്ത സമരചരിത്രം രചിക്കുകയായിരുന്നു ആർ എസ്എസ്. അടിയന്തരാവസ്ഥാ വിരുദ്ധ സമരത്തിന്റെ നാൽപ്പതാം വാർഷികം സംസ്ഥാനത്ത് വിവിധ കേന്ദ്രങ്ങളിൽ സംഘടിപ്പിക്കുന്നുണ്ട്. അവകാശവാദങ്ങള് മുഴക്കാനും താമ്രപത്രങ്ങള് സമ്മാനിക്കാനുമല്ല ഈ പരിപാടികള്. മുൻതലമുറയുടെ ഐതിഹാസികമായ പോരാട്ടത്തിന്റെ ഓർമ്മകള് ഉണർത്തുകയാണ് ലക്ഷ്യം. പിന്നെ വരുംകാലത്ത് രാഷ്ട്രത്തിന്റെയും ഭരണഘടനയുടേയും ജനതയുടേയും പരമാധികാരം നഷ്ടമാകാതെ കാക്കാനുള്ള ജാഗ്രത സൃഷ്ടിക്കലും.
(ഒന്നാം ഭാഗം)
തുടർന്നു വായിക്കുക
രണ്ടാം ഭാഗത്തിനായി കാത്തിരിക്കുക
വന്ദേ മാതരം
www.vandeematharam.blogspot.com

No comments:
Post a Comment