ഇന്ത്യയുടെ ദേശീയഗാനം എഴുതിയതു രവീന്ദ്രനാഥ ടാഗാറാണെന്നു ഇന്ത്യയിലെ ഏതു കുട്ടിയ്ക്കും അറിയാം
എന്നാൽ " ഭാരതം എന്‍റെ രാജ്യമാണ് .എല്ലാ ഭാരതീയരും എന്‍റെ സഹോദരീസഹോദരന്മാരാണ്. ഞാന്‍ എന്റെ രാജ്യത്തെ സ്നേഹിക്കുന്നു സമ്പൂര്‍ണ്ണവും വൈവിധ്യ പൂര്‍ണവുമായ അതിന്‍റെ പാരമ്പര്യത്തില്‍.. '' അറിയാതെ കുട്ടിക്കാലത്തെ സ്കൂള്‍ മുറ്റത്തേയ്ക്ക് നമ്മെ കൂട്ടിക്കൊണ്ടുപോകുന്ന ദേശസ്‌നേഹം തുളുമ്പുന്ന രാജ്യത്തിന്‍റെ ദേശീയ പ്രതിജ്ഞ അരനൂറ്റാണ്ട് പിന്നിടുന്നു. പക്ഷെ ,സ്കൂള്‍മുറ്റത്ത് നമ്മള്‍ ചൊല്ലിയ ദേശീയപ്രതിജ്ഞയെഴുതിയ പൈദിമാരി വെങ്കിട്ട സുബ്ബറാവുവിനെ എത്രപേര്‍ അറിയും. ഈ പ്രതിജ്ഞയുടെ കര്‍ത്താവായ വെങ്കിട്ട സുബ്ബറാവുവിനെ കുട്ടികള്‍ക്ക് മാത്രമല്ല ,നമ്മുടെ അദ്ധ്യാപകര്‍ക്കും വേണ്ടവിധം അറിയില്ല .
ഈ പ്രതിജ്ഞയുടെ രചയിതാവിനെ ആരും അന്വേഷിച്ചില്ല എന്നതാണ് ഏറെ കൗതുകം. അതുമല്ലെങ്കില്‍ ആ വരികളിലൊളിഞ്ഞിരിക്കുന്ന യഥാര്‍ത്ഥ ദേശീയതയുടെ ആഴം തിരിച്ചറിയാന്‍ അന്നത്തെ രാഷ്ട്രീയ കോമരങ്ങൾക്ക് കഴിയാതെ പോയതുമാവാം. അതില്‍ അവരെ കുറ്റംപറഞ്ഞിട്ടും കാര്യമില്ല. ദേശത്തേക്കാള്‍ വലുതാണ് രാഷ്ട്രീയമെന്നും സ്ഥാനമാനങ്ങളെന്നും കരുതുന്നവര്‍ പ്രതിജ്ഞ ചൊല്ലുന്നതും അധരവ്യായാമമെന്ന നിലയിലായി രിക്കും.1947നു ശേഷമുള്ള ഇന്ത്യയുടെ ചരിത്രം ഒരു കുടുംബത്തിനുള്ളിലേക്ക് ചുരുക്കിയ ചരിത്രകാരന്മാര്‍ ഇദ്ദേഹത്തെപോലുള്ളവരെ അവഗണിച്ചതാകാം.
ഈ പ്രതിജ്ഞഎഴുതിയത് തന്‍റെ അച്ഛനാണെന്ന് സുബ്ബറാവുവിന്‍റെ മകന്‍ പി.വി.സുബ്രഹ്മണ്യം അറിയുന്നതുപോലും സുബ്ബറാവുവിന്‍റെ മരണ ശേഷമാണ്. ആഡ്രയിലെ നല്‍ഗോണ്ട ജില്ലയിലെ അന്ന പര്‍ത്തിയിലാണ് സുബ്ബറാവു ജനിച്ചത്..സര്‍ക്കാര്‍ ജീവനക്കാരനും ഭാഷാപണ്ഡിതനും എഴുത്തുകാരനുമാ യിരുന്ന സുബ്ബറാവു,1962 ല്‍ ഇന്ത്യ-ചൈന യുദ്ധം നടക്ക വേയാണ് ഈ പ്രതിജ്ഞ എഴുതുന്നത്.യുദ്ധത്തിനിടെ ഇന്ത്യയുടെ മനസും ശരീരവും ഏകാഗ്രമാക്കണമെന്നു തോന്നിയ സുബ്ബറാവു തെലുങ്കിലാണ് ' ഭാരതം എന്‍റെ രാജ്യമാണ് 'എന്ന് തുടങ്ങുന്ന വാചകങ്ങള്‍ എഴുതി യത്.വെറുതെ കുറിച്ചിട്ട ആ വാചകങ്ങള്‍ സുബ്ബറാവു തന്‍റെ സുഹൃത്തും രാഷ്ട്രീയപ്രവര്‍ത്തകനുമായിരുന്ന തെന്നതി വിശ്വനാഥത്തെ കാണിച്ചു.അദ്ദേഹം ആ കുറിപ്പ് അന്നത്തെ വിദ്യാഭ്യാസമന്ത്രി പി.വി.ജി.രാജുവിനു നല്‍കി.ഇന്ത്യ എക്കാലവും ഏറ്റുചൊല്ലുന്ന പ്രതിജ്ഞയുടെ പ്രയാണം അവിടെ തുടങ്ങുന്നു.
1964 ല്‍ ബാംഗലൂരില്‍ ചേര്‍ന്ന കേന്ദ്ര വിദ്യാഭ്യാസ ഉപദേശകസമിതി യോഗത്തില്‍ ചെയര്‍മാന്‍ എം.സി.ചഗ്ല ഈ പ്രതിജ്ഞ അവതരിപ്പിച്ചു. ദേശ സ്നേഹം തുളുമ്പുന്ന ഈ വാചകങ്ങള്‍ ഇന്ത്യയിലെ എല്ലാ സ്കൂള്‍കുട്ടികളും പഠിക്കണമെന്നും ആഴ്ച്ചയിലോരിക്കലെങ്കിലും ചൊല്ലണമെന്നും നിര്‍ദേശിച്ചു. ഏഴു പ്രാദേശിക ഭാഷകളില്‍ വിവര്‍ത്തനം ചെയ്യപ്പെട്ട ഈ പ്രതിജ്ഞ അന്നുതൊട്ട് നമ്മുടെ പാഠപുസ്തകത്തിന്റെ ആദ്യതാളില്‍ അച്ചടിമഷിപുരണ്ടു കിടക്കുന്നു.1965 ജനുവരി 26 റിപ്ലബ്ലിക് ദിനത്തിലാണ് സുബ്ബറാവുവിന്റെ അക്ഷര ങ്ങള്‍ ദേശീയ പ്രതിജ്ഞയായി പ്രഖ്യാപിക്കുന്നത്.
വിശാഖപട്ടണത്തെ അന്നപൂര്‍ണ്ണ മുനിസിപ്പല്‍ കോര്‍പറേഷന്‍ ഹൈസ്കൂളില്‍ ഇന്ത്യയിലാദ്യമായി ആ പ്രതിജ്ഞ ചൊല്ലപ്പെട്ടു. പക്ഷെ , ഇതൊന്നും സുബ്ബറാവു അറിഞ്ഞിരുന്നില്ല .പേരക്കുട്ടിയെ സ്കൂളില്‍ കൊണ്ടുവിടാന്‍ പോയപ്പോള്‍ താനെഴുതിയ വാചകങ്ങള്‍ അസംബ്ലിയില്‍ ചൊല്ലുന്നത് സുബ്ബറാവു കേട്ടു.നൂറുകണക്കിന് കുഞ്ഞുങ്ങള്‍ അതേറ്റുചൊല്ലുന്നത് ആഹ്ലാദത്തോടെ അറിഞ്ഞു.ആ ആഹ്ലാദത്തെ പക്വതകൊണ്ടും ദേശസ്നേഹംകൊണ്ടും പൊതിഞ്ഞോളിപ്പിച്ചു , സുബ്ബറാവു തന്‍റെ ജോലിയിലും സാഹിത്യപ്രവര്‍ത്തനത്തിലും മുഴുകി ജീവിതം തുടര്‍ന്നു.1988 ല്‍ അദ്ദേഹം അന്തരിച്ചു.
ഇന്ത്യയിലെ കോടിക്കണക്കിനു പാഠപുസ്തകങ്ങളുടെ ആദ്യതാളില്‍ ഈ പ്രതിജ്ഞയുണ്ടെങ്കിലും അതിലൊന്നും പൈദിമാരി വെങ്കിട്ട സുബ്ബറാവു എന്ന പേരില്ല. കേന്ദ്ര മാനവവിഭവശേഷി മന്ത്രാലയത്തിന്റെ രേഖകളില്‍ മാത്രം ആ പേര് ഒതുങ്ങിപ്പോയി.
അല്ലേലും അത് അങ്ങനെ തന്നെ ആയിരിക്കുമല്ലോ,... സ്വതന്ത്ര സമരത്തിന്‍റെ തീച്ചൂളയിൽ സമരസേനാനികൾക്ക് ആവേശവും ഊർജവും പ്രസരിപ്പും പകർന്നു നൽകിയ ബങ്കിം ചന്ദ്രചാറ്റർജിയുടെ "വന്ദേ മാതരം" എന്ന പഞ്ചാക്ഷരീമന്ത്രം ചൊല്ലുന്നതിലും ഭാരതീയ പൈതൃകമായ നിലവിളക്കു കൊളുത്തുന്നതിൽ പോലും വർഗീയം കാണുന്ന ഈ നാട്ടിലെ രാഷ്ട്രീയ കോമരങ്ങളിൽ നിന്നും ഇതല്ലേ പ്രതീക്ഷിക്കാൻ പറ്റൂ..... ഇനിയെങ്കിലും ഈ രീതിക്ക് മാറ്റമുണ്ടാകുമെന്നു പ്രതീക്ഷിക്കാം
വന്ദേ മാതരം

No comments:
Post a Comment