"പെറ്റമ്മയും പിറന്ന നാടും സ്വർഗത്തേക്കാൾ മഹത്തരം" ...... വന്ദേ മാതരം

Friday, 12 May 2017

രോഗികളെ സൃഷ്ടിക്കുന്ന ആശുപത്രികൾ --- ഒത്താശ പാടുന്ന ഡോക്ടർമാർ - കേരളം മരുന്നു കമ്പനികളുടെ പറുദീസ



രോഗികളെ സൃഷ്ടിക്കുന്ന  ആശുപത്രികൾ  --- ഒത്താശ പാടുന്ന ഡോക്ടർമാർ - കേരളം  മരുന്നു കമ്പനികളുടെ പറുദീസ 
 
ഇന്ത്യയിൽ  35 % ത്തിൽ അധികം പേർ  രോഗികളാകുന്നത്  മരുന്നു കഴിച്ചിട്ടാണ് എന്ന ഇന്ത്യൻ ഫാർമസി കൗൺസിൽ  പ്രസിഡന്റിന്റെ   വെളിപ്പെടുത്തൽ  തീർത്തും ഞെട്ടിക്കുന്നതാണ് . അധികാരികൾക്ക് ഞെട്ടലില്ല എങ്കിലും. സ്വകാര്യ ആശുപത്രികളിൽ പലതിലും മരുന്ന് കുറിക്കുവാൻ ഡോക്ടർമാർക്ക്   ടാർഗറ്റ് നൽകിയിരിക്കുന്നു എന്നാണ് അറിയുന്നത്. മരുന്ന് കുറിക്കുന്നതനുസരിച്ച്  ശമ്പളത്തിനു പുറമേ  അവരുടെ കമ്മീഷനും വർദ്ധിക്കും . ഇതിനായി പ്രത്യേക സോഫ്റ്റ്‌വെയർ തന്നെ ആശുപത്രികളിൽ തയ്യാറാക്കിയിട്ടുണ്ട്.
നിസ്സാരം   ഒരു പനിയുമായി  ചെന്നാൽ പോലും സ്വകാര്യ ആശുപത്രികളിൽ മരുന്നിനും മറ്റുമായി കുറഞ്ഞത് അഞ്ഞൂറ് രൂപയെങ്കിലും ചിലവാകും. അതേ രോഗി തന്നെ സർക്കാർ ആശുപത്രിയിൽ ചെന്നാൽ അഞ്ചു രൂപയിൽ താഴെ വിലയുള്ള മരുന്നുകളാവും ലഭിക്കുക.
2012  ലെ കേരളത്തിലെ  മരുന്നുവിൽപ്പന  4000  കോടി ആയിരുന്നു എങ്കിൽ 2017   ൽ  മരുന്നു  വിൽപ്പന 6000  കോടിയിൽ അധികമായി നിൽക്കുന്നു എന്ന് സർക്കാർ തന്നെ പറയുന്നു. ഓൺലൈൻ വിൽപ്പന കൂടാതെയാണ് ഇത്. 35 % ത്തോളം വർദ്ധന. തെറ്റിദ്ധരിപ്പിക്കുന്ന  പരസ്യങ്ങൾ നൽകി ഇവർ തങ്ങളുടെ വിൽപ്പന വർദ്ധിപ്പിക്കുന്നു. നാം ഇവിടെ ഉപയോഗിക്കുന്ന മരുന്നിൽ  98  % ത്തിൽ അധികവും അന്യ സംസ്ഥാനങ്ങളിൽ നിന്നുമാണ് വരുന്നത്.
ഇവയിൽ പലതുമാകട്ടെ ഗുണനിലവാരം തീരെ കുറഞ്ഞതും.
ഡോക്ടർമാർക്ക്  പാരിതോഷികവും  കമ്മീഷനും നൽകി ഇവർ തങ്ങളുടെ വിൽപ്പന കൊഴുപ്പിക്കുന്നു. 
ആതുരസേവനമെന്ന വാക്കിന്റെ അർത്ഥം  എന്തെന്നറിയാത്ത ബഹുഭൂരിപക്ഷവും ഇതിന് കൂട്ടുനിൽക്കുന്നു.രോഗിക്ക് യഥാർത്ഥത്തിൽ ആവശ്യമുള്ളതിനേക്കാൾ പതിന്മടങ്ങ്  മരുന്നുകൾ എഴുതി  പുതിയ രോഗങ്ങളിലേക്ക് ആളുകളെ തള്ളി വിടുന്നതോടൊപ്പം  രോഗമുള്ള ഒരു പുതിയ തലമുറയെ ഇവർ സൃഷ്ടിക്കുകയും ചെയ്യുന്നു. മരുന്നുകളുടെ രാസനാമം (ജനറിക് നെയിം) എഴുതണമെന്ന് മെഡിക്കല്‍ കൗണ്‍സില്‍ നിര്‍ദേശമുള്ളപ്പോളും  അവർ  മരുന്നുകളുടെ ബ്രാൻഡ് നെയിം  മാത്രം എഴുതി  തങ്ങളുടെ ക്വാട്ട തികച്ച് മരുന്നുകമ്പനികളെ  തൃപ്തിപ്പെടുത്താൻ  വെമ്പൽ കൊള്ളുന്നു. ആവശ്യമില്ലാത്ത ടെസ്റ്റുകളും സർജറികളും രോഗിയുടെ  മേൽ കെട്ടിവെച്ച്  ഉണ്ടാക്കുന്ന ലക്ഷങ്ങൾ വേറെ. ആരോഗ്യരംഗത്തെ തട്ടിപ്പുകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് കേരളത്തില്‍ ആണ് എന്നത് തർക്കമില്ലാത്ത വസ്തുതയാണ്.  ഒരു രോഗി വന്നാല്‍ അവനെവെച്ചു ഏതൊക്കെ രീതിയില്‍ കാശുണ്ടാക്കാം എന്നാണ്ആശുപത്രികൾ  ചിന്തിക്കുന്നത്.എടുത്തുപറയേണ്ട വസ്തുത ഈ സ്വാധീനങ്ങളിലൊന്നും പെടാതെ പ്രൊഫഷനോട് ധാർമ്മികത പുലർത്തുന്ന  ചുരുക്കം  ഡോക്ടർമാരും ഉണ്ട് എന്നുള്ളതാണ്.  ആലപ്പുഴ ടൗണിൽ 20 രൂപയ്ക്ക് ചികിൽസിച്ച് മരുന്നു  നൽകുന്ന ഒരു ജനകീയ ഡോക്ടർ ഇതിന് ഒരു ഉദാഹരണമാണ്.

നിലവാരമില്ലാത്ത ഈ മരുന്നുകൾ പരിശോധിക്കുന്നതിന്  നിലവിൽ വേണ്ടത്ര ആളുകളോ സൗകര്യമോ ഇവിടെ ഇല്ല  എന്നുള്ളതാണ് വാസ്തവം. സംസ്ഥാനത്ത് വിരലിലെണ്ണാവുന്ന ഡ്രഗ്സ് ഇൻസ്‌പെക്ടർമാരാണ്  ഉള്ളത്. ശതകോടികളുടെ ഈ  വിൽപന  പരിശോധിക്കുവാൻ രണ്ടായിരത്തി പന്ത്രണ്ടിൽ കേവലം 47  ഡ്രഗ്സ് ഇൻസ്പെക്ടര്മാരാണ്  ഉണ്ടായിരുന്നത്,ഇപ്പോഴും വളരെ കുറവ് തന്നെ. കൂടാതെ ഡ്രഗ്സ് കണ്ട്രോൾ വകുപ്പിന് കീഴിൽ കേവലം രണ്ട്  ലബോറട്ടറികളും. ഒന്ന് എറണാകുളത്തും മറ്റൊന്ന് തിരുവനന്തപുരത്തും. റാൻഡം  സാമ്പിളുകൾ  ശേഖരിച്ചുള്ള പരിശോധന, അതും പേരിനു മാത്രം.  മെഡിക്കൽ ഷോപ്പുകളും ക്രമാതീതമായി വർദ്ധിച്ചിരിക്കുന്നു. അമിതലാഭം കിട്ടുന്ന ഒന്നായി ഇന്ന്  മരുന്ന് കച്ചവടം മാറിയിരിക്കുന്നു. ഭക്ഷണശാലകളെക്കാൾ കൂടുതൽ  മെഡിക്കൽ ഷോപ്പു കളാണ് ഇന്ന്  കേരളത്തിൽ എന്ന് പറഞ്ഞാൽ ഒട്ടും അതിശയോക്തി ഇല്ല .

ഇത്രയും മാരകമായ വിപത്തിലേക്ക് സംസ്ഥാനം നീങ്ങിയിട്ടും അധികാരികൾക്ക് കുലുക്കമില്ല എന്നതാണ് അതിലും ഞെട്ടിക്കുന്നത് . ആരോഗ്യമുള്ള സമൂഹത്തിനു വേണ്ടി എന്ന പേരിൽ  കോടിക്കണക്കിനു രൂപ വിവിധ പദ്ധതികളിൽ സർക്കാർ ചിലവാക്കുമ്പോൾ ഈ മാരക വിപത്ത് കണ്ടില്ല എന്നു നടിക്കുന്നത്  കാണുമ്പോൾ എവിടെയോ ഒരു കള്ളക്കളി ഒളിഞ്ഞിരിപ്പില്ലേ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു.
എന്താണ് ഇതിനൊരു പരിഹാരം
മരുന്നുകൾ സർക്കാർ നേരിട്ട് വിതരണം ചെയ്യുന്ന ഒരു രീതി വന്നാൽ ഒരു പരിധി വരെ ഇതിനൊരു പരിഹാരമാകും .കമ്പനികളിൽ നിന്നും സർക്കാർ നേരിട്ട് മരുന്ന് ശേഖരിക്കുക, വില നിച്ചയിക്കുക അവയുടെ ഗുണനിലവാരം ഉറപ്പുവരുത്തുക, മെഡിക്കൽ ഷോപ്പുകൾക്ക് ഓർഡർ അനുസരിച്ച് ജനറിക് നെയിം വെച്ച്  വിതരണം ചെയ്യുക.
സ്വകാര്യ ആശുപത്രികളിൽ  നിന്നും രോഗിക്ക്  അമിതമരുന്നുകളും  ടെസ്റ്റുകളും കുറിക്കുന്ന ഡോക്ടർമാരുടെയും ആശുപത്രിയുടെയും ലൈസൻസ് റദ്ദു ചെയ്യുക, സ്വകാര്യ ആശുപത്രികളുടെ പ്രവർത്തനം നിരീക്ഷിക്കാൻ  പ്രത്യേക സമിതി രൂപീകരിക്കുക. 
രോഗം ഉണ്ടാക്കാന്‍ കാരണമായവയെ കണ്ടെത്തി അതിനെ ഒഴിവാക്കുന്നതിനുള്ള  മാർഗ്ഗങ്ങൾ  സ്വീകരിക്കുക.

No comments:

Post a Comment